ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കസാക്കിലെ തുല്‍പാന്‍

  
യൂസഫ്‌. എ. കെ
ചിത്രം: തുല്പാന്‍ 
ദൈര്‍ഘ്യം: 100 മിനിട്ട് 
രാജ്യം: കസാകിസ്താന്‍
സംവിധായകന്‍: സെര്‍ഗേ  ദ്വോര്‍ത്സേവോയ് 
(Sergey Dvortsevoy ) 

പേര് കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ ഇതിഹാസത്തിന്റെ നാട് ഓര്‍മ്മിച്ചു പോകും.ഖസാക്ക് എന്ന ഗൃഹാതുരത്വത്തിന്റെ ശക്തി അത്രത്തോളം വഹിച്ചു നടക്കുന്ന ഒരു സംസ്കാരത്തിലേക്കാന്നു    മറ്റൊരു ഗൃഹാതുരത്വതിന്റെ കഥ സമര്‍പ്പിക്കുന്നതു. കസാകിസ്ഥാനില്‍ ഒരു മരുഭൂമിയെ കേന്ദ്രീകരിച്ചു നടക്കുന്ന ജീവിത സന്ദര്‍ഭത്തെ അടര്‍ത്തിയെടുത്തു അതിമനോഹരമായ പെയിന്റിംഗ് 
കണക്കെ അവതരിപ്പിക്കപ്പെട്ട ചലച്ചിത്ര രംഗഭാഷയാന്നു തുല്പന്‍. ഡോകുമെന്ററി 
സിനിമയുടെ മര്‍മ്മം തൊട്ടറിഞ്ഞ സെര്‍ജി ടോര്‍ത്സിവോയ് (Sergei  Dvortsevoy ) ആദ്യമായി
സംവിധാനം ചെയ്ത ഫീച്ചര്‍ ചിത്രമാണിത്.
കസാകിസ്ഥാനിലെ മരുഭൂമിയില്‍ ഒരിടത്ത്  ഏകദേശം നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ വിവാഹപ്രായമായ ഒരു പെണ്‍കുട്ടി മാത്രമേയുള്ളൂ. സഹോദരിഭര്‍ത്താവ്   ഒന്ടാസിനോടും അടുത്ത ചങ്ങാതിയായ മാക്കിനോടും ഒപ്പം, കപ്പിത്താന്‍ ആയി സേവനം കഴിഞ്ഞു തിരിച്ചെത്തിയ, ആസ്സ എന്ന യുവാവ് തുല്‍പാന്‍  എന്ന പേരുള്ള അവളെ തന്റെ ഭാര്യയാക്കാന്‍ വേണ്ടി അവളുടെ മാതാപിതാക്കളെ  കാണാന്‍ ചെല്ലുന്നു. വൃദ്ധരായ അവരെ ആനന്ദിപ്പിക്കാന്‍ ആമുഖമായി കടലിലെ തന്റെ സാഹസികതകള്‍ ആസ വിവരിക്കൂന്നു. അവളുടെ അമ്മയ്ക്ക് അത്ര പിടിക്കാത്തതാവാം, തുല്പനെ കാണുവാനോ വിവാഹാഭ്യര്‍ഥന നടത്തുവാനോ അവര്‍ അയാളെ അനുവദിക്കുന്നില്ല.
കാലവും പ്രദേശവും കൃത്യമായി നിര്‍വചിക്കാത്ത ഒരു മരുഭൂ സ്ഥലിയില്‍ യഥാതഥമായി
അവതരിക്കപ്പെട്ട ഒരു കഥയാണ് തുല്പന്‍. ആകാശവും മരുഭൂമിയും ഇണചേരുന്ന ചക്രവാളത്തിലേക്ക് തിരിച്ചു വെച്ച ക്യാമറ അതീവ ചടുലവും ചലനാത്മകവുമായ ദൃശ്യങ്ങള്‍ക്ക് സാക്ഷിയാവുന്നു. ഇടിവെട്ടുന്നതും മേഘങ്ങള്‍ കറുത്തിരുണ്ട് കനം തൂങ്ങുന്നതും, ഈ പ്രദേശം മുഴുവന്‍ പൊടിക്കാറ്റില്‍ മുങ്ങി കാഴ്ച മറയുന്നതും, ആകാശത്തില്‍ നിന്നിറങ്ങി വന്ന ഒരു ഭീമന്‍ കയറു പോലെ ഇറങ്ങി വന്നു മറ്റൊരിടത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ട്വിസ്റ്റെരും ദൃശ്യവിസ്മയത്തിന്റെ കരുത്തു കാട്ടുന്നു. 
ഈ പരിസരത്താണ്  ഒന്ടാസും ഭാര്യയും രണ്ടു പെണ് മക്കളും ഒരാണ്കുട്ടിയും താമസിക്കുന്നത്. ആടു മേയ്ക്കലാണ് ‍ജീവിത മാര്‍ഗമായി സ്വീകരിച്ചിരിക്കുന്നത്. ചെമ്മരിയാടുകളുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ഇടയ്ക്കിടെ അവരെ സന്ദര്‍ശിച്ചു നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. ഗര്‍ഭിണികളായ ആടുകളെ വെളുത്ത രിബ്ബണ്ണിട്ടു വേര്‍തിരിച്ചാണ് തിരിച്ചറിയുന്നത്‌. തന്റെ ഭാര്യ സഹോദരന്‍ ആസ ഒരാട്ടിന്‍ പറ്റത്തെ  ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ കഴിവില്ലാത്തവനാണ് എന്നാണു ഒന്ടാസിന്ന്റെ വിലയിരുത്തല്‍. ഒരാട്ടിന്‍ പറ്റത്തെ അവനു ഏല്പിക്കാന്‍ ഒന്ടാസ് അതുകൊണ്ട് മടിക്കുന്നു.
സ്ഥിരമായി ചാപിള്ളകളെ പെറുന്നതു കൊണ്ട് ആട്ടിന്‍ പറ്റത്തെ  തിരിച്ചേല്‍പ്പിച്ചു അവിടം വിടാന്‍ മുതലാളി ആവശ്യപ്പെടുന്നത് ഈ കുടുംബത്തിനു വലിയ ഭീഷണിയായിത്തീരുന്നു. പ്രയാസങ്ങള്‍ തീവ്രമായി അടക്കിനിര്‍ത്താന്‍ ശ്രമിക്കുന്ന ഒന്ടാസ് ഒരാട്ടിന്‍ കുട്ടിയെങ്കിലും ജീവനോടെ പിറന്നാല്‍ തനിക്കു പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് മോഹിക്കുന്നു. ഇങ്ങനെ അതിജീവനം എന്നത് ശക്തമായ ഒരു ജീവിത വികാരമായി അവതരിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നു.
ഒന്ടാസും ആസയും തമ്മിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഈ വികാരത്തിന്റെ ശക്തിയും അടിയൊഴുക്കും വ്യക്തമാക്കിത്തരുന്നു. വികാരങ്ങള്‍ അടക്കിനിര്‍ത്താന്‍ കഴിവുള്ള ഒന്ടാസില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് ആസ-- അയാളാകട്ടെ കലാപത്തിന്റെയും എതിര്‍പ്പിന്റെയും ലോകത്ത് കുരുങ്ങിക്കിടക്കുന്നു. തനിക്കു സ്വന്തമായി ഒരു ആട്ടിന്‍പറ്റം ഉണ്ടെങ്കില്‍ മാത്രമേ തുല്‍പാനെ വിവാഹം ചെയ്യാന്‍ കഴിയൂ എന്ന് അയാള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഒന്ടാസ് ഇതിനു വഴങ്ങാത്തതാണ് വഴക്കിനും വക്കാണത്തിനും ഇട വെയ്ക്കുന്നത്. 
ആസയുടെ സുഹൃത്ത്‌ നഗരത്തെ മാത്രം ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്റെ ട്രെക്ക് നഗ്നചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചാണ് അതിവിദൂരമായ ഈ മരുഭൂമിയിലേക്ക് ഭക്ഷണ സാധനങ്ങള്‍ കൊണ്ട് വരുന്നത്. ചിത്രത്തിലെ ഓരോ രംഗവും യഥാതധവും വികാര തീവ്രതയുടെ പര്യായവുമാണ്. ട്രെക്കില്‍ നിന്ന് മിറായികള്‍ ഒരു പ്ലാസ്ടിക്     സഞ്ചിയില്‍ പുറത്തേക്കു എടുക്കുമ്പോള്‍ അത് കീറി മിറായികള്‍ നിലത്തു ചിതറി വീഴുന്നു. ട്രെക്കിന്റെ ടയറുകള്‍ കയറി മണ്ണില്‍ പുതഞ്ഞു കിടക്കുന്ന മിറായികള്‍ ഒന്ടാസിന്റെ ഭാര്യ പെറുക്കിയെടുക്കുന്ന കാഴ്ച അതി മനോഹരമാണ്. ആട്ടിന്‍പറ്റത്തെ മേയ്ക്കാന്‍ വിടുമ്പോള്‍ പൊടി പടലം കൊണ്ട് അന്തരീക്ഷം മൂടപ്പെടുന്ന കാഴ്ചയും ജീവിതത്തിന്റെ പ്രസന്നമായ തീക്ഷ്ണത എടുത്തു കാട്ടുന്നു.
തികച്ചും സാധാരണമായ ജീവിതവീക്ഷണത്തില്‍ എത്രത്തോളം അഗാധവും തീവ്രവുമായ ഉള്‍കാഴ്ച ഉണ്ടെന്നുള്ളതിന്റെ തെളിവാണ് ഡോകുമെന്ററി പോലെ ചിത്രീകരിച്ചിരിക്കുന്ന തുല്പന്‍. തീര്‍ച്ചയായും ഒരു പ്രതീകവും പ്രതീക്ഷയുമാണ് തുല്‍പാന്‍. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അവളെ ഗാഡമായി പ്രണയിക്കുന്ന ആസ തന്റെ ചുറ്റുപാടുകളില്‍ നിന്ന് ജീവിതത്തിന്റെ കാഠിന്യത്തെ വെറുക്കുന്നു. അവന്‍ ഒരു ആട്ടിന്‍ പറ്റത്തെ സ്വന്തമായി പരിചരിക്കാന്‍ കഴിയാതെ ജീവിക്കുന്നത് ഒരുപക്ഷെ ഒരു പോരായ്മയായാണ് അവളുടെ മാതാപിതാക്കള്‍ കരുതുന്നത്. ആസയുടെ  ചെവികള്‍ വലുതായിരുന്നു എന്നാണു നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഒരു നിഷ്കളങ്കമായ ന്യായീകരണം കണ്ടെത്തുവാന്‍ ആസയും കൂട്ടുകാരനും ശ്രമിക്കുന്നു. അവന്‍ തന്റെ ചെവി  കണ്ണാടിയില്‍ നോക്കി എങ്ങനെയാണ് അത് ഇത്രയും വലുതായതെന്നു ചിന്തിച്ചുപോയി. അടുത്ത പ്രാവശ്യം അവളെ കാണാന്‍ പോയപ്പോള്‍  ചെവിയുടെ വലിപ്പം അത്ര പ്രശ്നമല്ലെന്നും, ധാരാളം പ്രമുഖര്‍ ഇങ്ങനെ ചെവി വലിയവരായിരുന്നു എന്നും അതുകൊണ്ട് അവരൊക്കെ ഉന്നതരായി എന്നും അവന്റെ സുഹൃത്ത്‌ തട്ടിവിടുന്നുണ്ട്‌ --  അതൊന്നും തുല്പാന്റെ മാതാപിതാക്കളുടെ മുമ്പില്‍ വിലപ്പോയില്ലെങ്കിലും. 
നിരന്തരം ആടുകള്‍ ചാപിള്ളകളെ പ്രസവിക്കുന്നത് കൊണ്ട് നഗരത്തില്‍ നിന്ന് മുതലാളി മൃഗ ഡോക്ടറെ കൊണ്ട് വരുന്നു. ഈ സമയത്തും ദൃശ്യസാധ്യതകളുടെ കാമ്പറിഞ്ഞ  ഒരു സംവിധായകന്റെ കരവിരുത് പ്രേക്ഷകന് അനുഭവിക്കാന്‍ സാധിക്കുന്നു. മൃഗഡോക്ടരുടെ
മോട്ടോര്‍ വാഹനത്തില്‍ കൊണ്ടുവന്ന ഒരു ഒട്ടകക്കുട്ടിയെ നൂറു കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്ന അതിന്റെ തള്ളയെക്കുറിച്ച് പറയുന്നതും ഇടയ്ക്കിടെ, ആ ഒട്ടകത്തെ സിഗരട്ട് കുറ്റി വായില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു വീക്ഷിക്കുന്നതും, അവസാനം ചാപിള്ളയെ പരിശോധിക്കുമ്പോള്‍ ഒട്ടകം ദൃഷ്ടിയില്‍ നിന്ന് മറയുന്നത് കണ്ടു മോട്ടോര്‍ സ്ടാര്റ്റ് ചെയ്തു പോകുന്ന കാഴ്ച   ദൃശ്യാവിഷ്കരണത്തിന്റെ പ്രായോഗികയുക്തി ആന്തരീകരിച്ച ഒരു സംവിധായകന്റെ പ്രതിഭയുടെ പരിഛെദമായി അനുഭവപ്പെടുന്നു.
ലാളിത്യം വഴിഞ്ഞു നില്‍ക്കുന്ന ദൃശ്യവികാരം വെളിപ്പെടുത്തുന്ന "തുല്പന്‍" ഭൂതകാലത്തിലേക്ക് വഴുതി വീഴുന്ന മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സംപന്നമായിരിക്കുന്നു. കഥാപാത്രങ്ങള്‍ യഥാര്‍ഥമായ പേരുകളില്‍ അറിയപ്പെടുന്നതും പൊടിപ്പും തൊങ്ങലും ഇല്ലാത്ത ആവിഷ്കാര രീതി അവലംബിച്ചതും സിനിമയിലൂടെ സൃഷ്ടിക്കപ്പെടുന്ന സത്യാനുഭൂതിയ്ക്ക് മാറ്റ് കൂട്ടുന്നു. ഒന്ടാസിന്റെ മകള്‍ സംഗീതത്തിന്റെ അകമ്പടിയില്ലാതെ പാടുന്ന മധുരഗാനം ആത്മാവിനെ തൊട്ടറിയുന്ന ഒരു ശ്രാവ്യ വിരുന്നാണ്. കസാക്ക് റേഡിയോയില്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ശ്രവിച്ചു അച്ഛന് രാത്രിയിലോ ഭക്ഷണ സമയത്തോ പറഞ്ഞുകൊടുക്കുന്ന മകന്‍ കസാകിന്റെ രാഷ്ട്രീയ ചിത്രം അവതരിപ്പിക്കുന്ന നാവായി മാറുന്നു.
ഒന്ടാസിന്റെ ഇളയമകനാണ് തുല്പനിലെ നായകനെന്നു തോന്നും.വളരെ ചെറിയ ഈ കുട്ടിയില്ലാത്ത രംഗങ്ങള്‍ സിനിമയില്‍ അപൂര്‍വ്വം. യാതൊരു വിലക്കുകളുമില്ലാതെ, സിനിമയുടെ    ചട്ടക്കൂടുകള്‍ പോലും അതിലംഘിക്കാന്‍ അനുവാദം ലഭിച്ച ഈ കുട്ടി കുസൃതികള്‍ കാണിച്ചുകൊണ്ട് ചിത്രത്തിന്റെ അവശ്യ സാന്നിധ്യമായി മാറിയിരിക്കുന്നു. മൃഗഡോക്ടരുടെ വണ്ടി സ്ടാര്റ്റ് ചെയ്യുമ്പോഴും ആട്ടിന്‍ പറ്റത്തെയും മറ്റു മൃഗങ്ങളെയും ഓടിച്ചു വിടുമ്പോഴും, മുതലാളിയുടെ ആവശ്യപ്രകാരം ഈ പ്രദേശം വിട്ടു പോകുമ്പോള്‍ തമ്പു പൊളിച്ചു മാറ്റുന്നതിലും ഒക്കെ അവന്‍ ഇട പെടുന്നുണ്ട്. യഥാര്‍ത്ഥ ജീവിതത്തിന്റെ ശക്ക്തമായ ഒരുകാഴ്ചയാണ് ഡോര്‍ത്സിവോയ് മെനയുന്നത്. കുട്ടിയുടെ സ്വാതന്ത്ര്യത്തിന്റെ അതിരില്ലായ്മ തന്മയമായി ഓരോ ഫ്രെയിമിലും തെളിഞ്ഞു നില്‍ക്കുകയും സിനിമയല്ല ജീവിതത്തിന്റെ ഒരു കാഴ്ചയാണ് മുന്നിലെന്ന് അനുവാചകന് തോന്നിപ്പിക്കുകയും ചെയ്യുന്നു.
ഈ യാഥാര്‍ത്ഥയത്തിനുമപ്പുറത്തു അത്മാന്വേഷണത്തിന്റെയും ജീവിതത്തിലെ ഹരിത മേടുകളെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍  നിര്മിചെടുക്കുന്നതിന്റെതുമായ ഒരു പരിസരം സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഭാവി ജീവിതത്തെക്കുറിച്ചുള്ള ആസയുടെ സങ്കല്‍പം എന്നത് ഒരു ആട്ടിന്‍ പറ്റത്തെ സ്വന്തമാക്കുകയും വിവാഹം കഴിക്കാന്‍ പ്രപ്തിയാര്‍ജ്ജിക്കുകയുമാണ്‌. അയാളുടെ സുഹൃത്താകട്ടെ    നഗരത്തില്‍ അതും അമേരികയില്‍ ധാരാളം സ്ത്രീകളോടൊന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഒന്ടാസിനു വളരെ പ്രായോഗികമായ ഒരു ലളിത സങ്കല്‍പം മാത്രമേയുള്ളൂ-- ഒരു ആടെങ്കിലും ജീവനുള്ള  കുഞ്ഞിനെ പ്രസവിക്കുകയും, അവര്ക് ഇപ്പോഴുള്ള ജീവിതം തുടര്‍ന്ന് കൊണ്ടുപോകാന്‍ എങ്കിലും കഴിയണം. ചിത്രത്തിന്റെ അവസാന രംഗത്ത് നാം കാണുന്നത് തമ്പു പൊളിച്ചു മാറ്റി പുതിയൊരിടത്തെക്ക് പോകാന്‍ തയാറായി  നില്‍ക്കുന്ന ഒന്ടാസും കുടുംബവും, ജീവനോടെ പ്രസവിക്കപ്പെട്ട ഒരു കുഞ്ഞാടിനെ താലോലിച്ചു നില്‍ക്കുന്ന അസയോടു വിട പറയാന്‍ പോലും ശ്രമിക്കാന്‍ മെനക്കെടാത്ത സന്ദര്‍ഭമാണ്. ഒരു കലഹത്തിന്റെ അവസാനം അവിടം എന്നെന്നേക്കുമായിവിടുന്ന യുവാവിന്റെ മുമ്പില്‍ പ്രസവനൊമ്പരം അനുഭവിക്കുന്ന ആടിനെ 
ശുശ്രൂഷിക്കാന്‍ഒരു  അവസരം വന്നുചേര്ന്നിരുന്നു . ആ സമയം ഒന്ടാസിനെ വിളിച്ചു കൂവിയെങ്കിലും ഫലമില്ലാഞ്ഞു ആസ കുഞ്ഞിനെ പുറത്തെടുക്കാന്‍ സാഹസപ്പെടുന്നത് അതീവ ഹൃദയഭേദകമായ ദൃശ്യമാണ്. ജീവനുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ സഹായിക്കുന്ന അസ അവരുടെ ലോകത്തേയ്ക്ക് ഒരു പുതു ജീവിതം  കൊണ്ട് വരികയാണ് ചെയ്യുന്നത്.  തന്റെ സ്വപ്നങ്ങള്‍ക്കും സങ്കല്‍പ്പത്തിനും ഫലം ലഭിച്ചെന്ന  സന്തോഷത്താല്‍ യുവാവ് ദീര്‍ഘശ്വാസം പൊഴിക്കുന്നു. ഇത് അവന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവാണ്   ഉണ്ടാക്കിയിരിക്കുന്നത്. അവന്‍ പൂഴിമണലില്‍ തളര്‍ന്നു മലര്‍ന്നു കിടന്നു.
സ്വപ്നം പോലും വഴിമാറുന്ന സത്യാവിഷ്കാരത്തിലൂടെ ലളിതമായ ജീവിതത്തെ മഹത്വവല്‍ക്കരിക്കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. മുതലാളിത്തത്തിന്റെ ലാഭക്കൊതി ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തന രീതി വളരെ ലളിതമായ രീതിയില്‍ ദൃശ്യസാധ്യമാക്കുകയും കൂടി ഈ ചലച്ചിത്രം ഉന്നം വെയ്ക്കുന്നുന്ടെന്നു കാണാം. ഒന്ടാസിനോട്,  ചാപിള്ളകളെ മറയാക്കി, അവിടം വിടാന്‍ മുതലാളി ആവശ്യപ്പെടുന്നതില്‍ അടങ്ങിയിരിക്കുന്ന ലക്‌ഷ്യം മറ്റൊന്നല്ല. തൊഴിലാളിയുടെ വിയര്‍പ്പിനും അധ്വാനത്തിനും ഒരു വിലയുമില്ലെന്ന ബൂര്‍ഷ്വാ ചിന്താഗതി പ്രതിഫലിപ്പിക്കാന്‍ ചലച്ചിത്രകാരന്‍ ശ്രമിക്കുന്നുണ്ട്. 
ജനാധിപത്യവും സ്വാതന്ത്ര്യവും സമത്വവും സാധ്യമാവുന്ന ഒരു ജീവിത വ്യവസ്ഥയെ ഓരോ സാധാരണക്കാരനും ആഗ്രഹിക്കുന്നുണ്ടെന്നു ചലച്ചിത്രത്തിലൂടെ പ്രതീകവല്‍ക്കരിചിരിക്കുന്നു. തുല്പന്‍ എന്നത് തന്നെ ഒരു പ്രതീകമാണ്. പ്രതീക്ഷ നല്‍കുകയും എന്നാല്‍ ആകാരം പോലുമെന്തെന്നറിയാത്ത ഒരു പ്രതീകം. അവളോട്‌ സംസാരിക്കാന്‍ രണ്ടു പ്രാവശ്യം യുവാവ് ശ്രമിക്കുന്നു. ഒന്നാമത്തെ തവണ അവളുടെ അമ്മ  അയാളെയും കൂട്ടുകാരനെയും ഓടിക്കുന്നു. രണ്ടാമത്തെ തവണ യുവാവ് അക്രമാസക്തനാവുകയും അവളുന്ടെന്നു കരുതുന്ന മുറി തകര്‍ത്തു ഉള്ളില്‍ കയറിയെങ്കിലും നിരാശയായിരുന്നു ഫലം. തന്റെ മേല്‍നോട്ടത്തില്‍ ഒരു ആട് പ്രസവിച്ചു എന്ന് അറിയിക്കാന്‍ പോയപ്പോഴായിരുന്നു ഇത്. അപ്പോഴേക്കും അവള്‍ പോയിക്കഴിഞ്ഞിരുന്നുവെന്നത് അയാള്‍ പിന്നീടാണ് അറിയുന്നത്. അവളെക്കുറിച്ചുള്ള   പ്രതീക്ഷകള്‍ കുഞ്ഞാടിനെ താലോലിച്ചു ജീവിക്കാനും മരുഭൂമിയിലെ ജീവിതത്തോട് പൊരുത്തം സ്ഥാപിക്കാനും അയാളെ പ്രേരിപ്പിക്കുന്നു. 
 ഒന്ടാസിന്റെ ഭാര്യയായി വേഷമിട്ട സമല്‍ ഒരു വീട്ടമ്മയുടെ സഹനത്തിന്റെ പ്രതീകമാണ്. ഭര്‍ത്താവും ആങ്ങളയും കലഹം കൂടുമ്പോഴൊക്കെയും അവള്‍ ആങ്ങളയുടെ പക്ഷത്തു നില്‍ക്കുകയാണ് പതിവ്. അവന്‍ പോകാന്‍ തുനിഞ്ഞപ്പോളൊക്കെ അവന്റെ പിറകെ ചെന്ന് കൂട്ടിക്കൊണ്ടുവരാന്‍ അവള്‍ സന്നദ്ധയാകുന്നു. വീട്ടിലെ പ്രശ്നങ്ങളൊക്കെ പരിഹരിക്കാനും, പുരുഷ കേന്ദ്രികൃതമായ ഒരു കുടുംബ വ്യവസ്ഥയില്‍ പോലും അല്ലലും അലമ്പും ഇല്ലാതെ ജീവിക്കാനും അവര്‍ ശ്രമിക്കുന്നു. ഇവിടെ ജീവിതത്തിന്റെ ഇരുപുറവും വീക്ഷിക്കുന്ന ഒരു വീട്ടമ്മയുടെ കഥാപാത്രം സമല്‍ അതിമനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു എന്ന് കാണാം. കാന്‍ ഫിലിം ഫെസ്റിവലിലും മറ്റു രാജ്യാന്തര മേളകളിലും അതീവ ശ്രദ്ധ നേടിയ "തുല്പന്‍" ഒരു അത്ഭുതമാണെന്നാണ് ന്യൂ യോര്‍ക്ക്‌ ടൈംസ്‌ വിലയിരുത്തിയത്. വിമര്‍ശകര്‍ അവകാശപ്പെട്ടതുപോലെ ഒരു തര്കൊവ്സ്കിയന്‍ മാഹാത്മ്യം തന്നെയാന്നു തുല്പന്‍..



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജുതുരൂന

ജുതുരൂന നദിയ ബര്‍ഹൌം     ചിന്തിക്കുമ്പോള്‍  അസാധാരണവും അനുഭവിക്കുമ്പോള്‍ ഭീകരവുമാണ് പ്രവാസം.ഒരു വ്യക്തിക്കും അവന്റെ ജന്മ ദേശത്തിനുമിടയിലും, സ്വത്വത്തിനും അതിന്റെ യഥാര്‍ത്ഥ വാസ സ്ഥലത്തിനും തമ്മില്‍ ഒരിക്കലും ഉണക്കാന്‍ കഴിയാത്ത അസഹനീയ മുറിവുണ്ടാക്കു ന്ന ഒന്നാണത്. അനിവാര്യമായ ദുഃഖം ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല.   ------- എഡ്‌വേര്‍ഡ്  സയെദ്.           "എനിക്കുള്ള  ഉത്തരവ് അനുസരിക്കുക മാത്രമാണ്  ഞാന്‍ ചെയ്യുന്നത്" വസ്ത്രമുരിയാന്‍ ആവശ്യപ്പെടുമ്പോള്‍   ജോര്‍ദാനും പലെസ്തീനും ഇടയിലുള്ള അലെന്ബീ അതി ര്‍ത്തിയില്‍ വെച്ച് ഒരു സൈനികന്‍ എന്റെ പിതാവിനോട് പറഞ്ഞു. പാസ്പോര്ടുകള്‍ പരിശോ ധിക്കുമ്പോള്‍ ഞങ്ങളുടെ അറബി കുടുംബപ്പേര്  ശ്രദ്ധിച്ചയുടനെ വസ്ത്രമഴിച്ചുള്ള ഒരു സാധാര ണ ശരീരപരിശോധനയ്ക്കായി  സൈനികര്‍ വേര്‍തിരിച്ചു. ഫലെസ്തീനിലേക്കുള്ള എന്റെ വേനല്‍ കാല സന്ദര്‍ശന വേളകളില്‍ ആവര്‍ത്തിച്ചു കേട്ട് കൊണ്ടിരിക...

മരണം

ഇന്നലെ എന്റെ കസിന്റെ ചായക്കടയിലെത്തുമ്പോള്‍  വളരെയൊന്നും വൈകിയിരുന്നില്ല. വീടിനകതുണ്ടാക്കുന്ന ഭക്ഷണം കഴിച്ചു മടുക്കുന്നത് കൊണ്ടല്ല ഒരു മലയാളി പ്രവാസി പുറത്തു പോയി ഭക്ഷണം കഴിക്കുന്നതെന്നറിയാം. പാര്‍സല്‍ വാങ്ങിക്കാന്‍ അവള്‍ പറഞ്ഞയച്ചതായിരുന്നു. ഒറ്റയ്ക്ക് വെള്ളിയാഴ്ച ബത്തയിലെയും ഗുരാബിയിലെയും തെരുവിലൂടെ നടക്കുകഎന്നത് വലിയൊരു പ്രയാസമാണ്. വളരെ ചെറിയ സൂചിക്കുഴയിലൂടെ നൂല്‍ കോര്‍ക്കാന്‍ ശ്രമിക്കുംപോലെ. നടത്തത്തില്‍ ഓര്‍മിച്ചത്‌ പകല്‍ സമയമത്രയും പറഞ്ഞുവെച്ച ചില കാര്യങ്ങളായിരുന്നു. വലിയതും വ്യത്യസ്തരായതുമായ ഒരു ആണ്‍ പെണ്‍ സദസ്സ്. എങ്ങിനെയാണ് നമ്മുടെ കുടുംബ ജീവിതം കേട്ടിപടുക്കേന്ടതെന്നും ഭാര്യഭാര്താക്കന്മാരുടെ പങ്ക് ഒരു നല്ല കുടുംബത്തിനു എത്രത്തോളം ആവശ്യമാന്നെന്നുമുല്ലതായിരുന്നു അതിന്റെ കാതല്‍ എന്ന് പറയാം. അപ്പോഴാണ് മരണത്തെ കുറിച്ചുള്ള വലിയ ചെറിയ ചിന്തകള്‍ കടന്നു വന്നത്. രാവിലെ ജോലി സ്ഥലത്തേയ്ക്ക് പോയി വരുമ്പോള്‍ ഭര്‍ത്താവ് ജീവനോടെ വരുമോ എന്ന് ഒരു ചോദ്യം. ഉണ്ടാവാം അല്ലെങ്കില്‍ ഇല്ലായിരിക്കാം. ഉത്തരം ആരും പറയുകയോ ആര്‍കും കേള്‍ക്കുകയോ വേണ്ട. അതങ്ങിനെയാണല്ലോ. ഇവിടെയാണ...

കവിത

ശക്തിവീര്യം തറയില്‍ തകര്‍ന്ന മണ്‍ പാത്രം ജലം കോരിയെടുക്കാന്‍ കഴിയാത്ത കൈകള്‍ക് കീഴെ കിടന്നു നിലവിളിക്കുന്നു. സൂര്യന്‍ ഉച്ചത്തില്‍ ഉനര്ന്നിരിക്കുനൂ ഉരുക്കളെ നയിക്കുവാന്‍ ഉത്സാഹത്തില്‍ ചാട്ടവാര്‍രുയര്തുന്നു. തിളയ്ക്കുന്ന തീയില്‍ വെന്തുരുകുമ്പോഴും വിറയ്കുവാന്‍ പോലുമാവാതെ വീര്യം വിതുമ്പുന്നു- ചാരമേതുമില്ലാത്ത ശക്തിവീര്യം.